ഇടനേരം

ഇടം (SPACE) നേരം (TIME) എന്നീ രണ്ടു പദങ്ങളുടെ സംയുക്തിയാണ് ഇടനേരം. അപ്പോള്‍ അര്‍ത്ഥം മധ്യകാലം (MID_TIME) എന്നുവരുന്നു. വിശാലമായ അര്‍ത്ഥത്തില്‍ അത് SPACE & TIME -സ്ഥലകാലം എന്നാണ്.

ഇന്ത്യ എന്ന സ്ഥലത്ത് കാലങ്ങളായി തുടരുന്നത് ജാതിവ്യവസ്ഥയാണ്. സമൂഹത്തെ തട്ടുകളായി തിരിക്കുകയും മേല്ത്തട്ടിന് മാത്രമായി സവര്‍വവിധ അധികാരങ്ങളും നിക്ഷിപ്തമാക്കുകയും, അവിടെനിന്ന് അധികാരം കൂറഞ്ഞുകുറഞ്ഞ് ഏറ്റവും താഴെത്തട്ടിലെത്തുമ്പോള്‍ അത് ആ വിഭാഗത്തെ അടിമത്വത്തിന് വിധേയരാക്കുകയും ചെയ്യുന്ന വ്യവസ്ഥയാണ് ജാതിവ്യവസ്ഥ.

'ചരിത്രത്തിലുടനീളം ഇന്ത്യയുടെ വിധിയായിത്തീര്‍ന്ന പരാജയത്തിന് കാരണം, നിശ്ചയമായും ജാതിതന്നെയാണ്. ജാതി പൊതുവായി സംഘടിപ്പിക്കലിനേയും സമാഹരണത്തേയും തടഞ്ഞു. അഥവാ, സംഘടിപ്പിക്കലിന്റേയും സമാഹരണത്തിന്റേയും വ്യാപ്തിക്ക് വളരെ പരിമിതമായ സ്വഭാവമേ ഉണ്ടായിരുന്നുള്ളൂ. സമൂഹത്തെ തുണ്ടം തുണ്ടമായി മുറിക്കുകയും ജോലിയെ താല്പര്യത്തില്‍നിന്ന് വേര്‍തിരിക്കുകയും ബുദ്ധിയെ അധ്വാനത്തില്‍നിന്ന് വിടര്‍ത്തുകയും ജീവിതത്തെ സംബന്ധിച്ചിടത്തോളം മര്‍മപ്രധാനമായ താല്പര്യങ്ങളില്‍ മനുഷ്യന്റെ അവകാശങ്ങള്‍ തട്ടിപ്പറിക്കുകയും ആപത്കാലത്ത് പൊതുവായ പ്രതിരോധത്തിനുവേണ്ടി വിഭവങ്ങള്‍ സമാഹരിക്കുന്നതില്‍നിന്ന് സമൂഹത്തെ തടയുകയും ചെയ്യുന്ന ഒരു തത്വശാസ്ത്രത്തിന് സാമൂഹ്യപ്രയോജനമെന്ന പരീക്ഷണത്തില്‍ വിജയിക്കാനാവില്ല.' -ഡോ. ബി ആര്‍ അംബേഡ്കര്‍.

ഇത്തരത്തിലുള്ള സാമൂഹിക അസമത്വമാണ് ജാതിവ്യവസ്ഥ മുന്നോട്ടുവെക്കുന്നത്. സഗോത്രവിവാഹബന്ധം നിലനിര്‍ത്തുന്നതിലൂടെയും മിശ്രഭോജന നിരാകരണത്തിലൂടെയുമാണ് ഈ വ്യവസ്ഥ സംസ്ഥാപിതമായിരിക്കുന്നത്. ബഹിര്‍ഗോത്ര വിവാഹബന്ധത്തിലൂടെയും മിശ്രഭോജനത്തിലൂടെയും ഈ വ്യവസ്ഥയെ ഫലപ്രദമായി ഉച്ചാടനം ചെയ്യാവുന്നതാണ്.

കുറച്ചുപേര്‍ അധികാരമാളുകയും മറ്റുള്ളവരെ അടിമകളാക്കുകയും ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഏത് ഇടത്തും ഏത് നേരത്തും ജീവിക്കുന്ന മനുഷ്യര്‍ക്ക് തമ്മില്‍ തമ്മില്‍ അവകാശങ്ങളില്‍ തുല്യതവേണം. അത് പ്രാപഞ്ചിക നിയമമാണ്. നിയമം അലംഘനീയമാണ്. നിയമം അനുസരിക്കുക എന്നതാണ് പൗരധര്‍മം. ജാതിനിര്‍മൂലനത്തിലൂടെ ഈ ഇടത്ത് ഏത് നേരവും ആ ധാര്‍മികത പുലര്‍ത്താനാവുന്നതാണ്.

മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരായ സമരവും മനുഷ്യാവകാശ സംരക്ഷണവുമാണ് ഇടനേരം സൈറ്റ് ഉന്നംവെക്കുന്നത്. കുറിപ്പുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍, അഭിമുഖങ്ങള്‍, വാര്‍ത്തകള്‍ എന്നീ ബ്ലോഗ് പോസ്റ്റുകളിലൂടെയും പുസ്തകങ്ങള്‍, ഇ-ബുക്കുകള്‍ എന്നിവ പ്രസിദ്ധീകരിച്ചുകൊണ്ടും ഇടനേരം മനുഷ്യാവകാശസംരക്ഷണ സമരപാതയില്‍ മുന്നോട്ടുപോകുന്നു.

2012-ല്‍ ബ്ലോഗ്‌സ്‌പോട്ടായാണ് ഇടനേരം ആരംഭിച്ചത്. ഇപ്പോള്‍ www.idaneram.net എന്നാണ് അതിന്റെ മേല്‍വിലാസം.