പോത്തേരി കുഞ്ഞമ്പു : ചില സ്മരണകള്‍
-ഒര്‍ണ കൃഷ്ണന്‍കുട്ടി
പോത്തേരി കുഞ്ഞമ്പുവിനെ കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന സി. സരിതിന്റെ ലേഖനം (2015 ഡിസംബര്‍) നന്നായിരിക്കുന്നു. ലേഖനത്തില്‍ അദ്ദേഹത്തിന്റെ മഹത്വത്ക്കരണം കുറഞ്ഞുപോയോ എന്ന് സംശയിക്കുന്നതാണ് ലേഖനം. സവര്‍ണ ഹിന്ദു ജാതീയതക്കെതിരെ, ബ്രിട്ടീഷ് മേല്‍ കോയ്മയുടെ ബലത്തില്‍ കേരളത്തില്‍ ആദ്യമായി പുല്ലേലി കുഞ്ചു (1882) എന്ന പേരില്‍ ഗദ്യം എഴുതിയ ആര്‍ച്ച് ബിഷപ്പ് ഡീക്കന്‍ കോശിക്കു ശേഷം പിന്നീട് ജാതിക്കെതിരെയുളള നോവല്‍ സാഹിത്യം രൂപപ്പെടുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പോത്തേരി കുഞ്ഞുമ്പുവില് നിന്നാണ് (1892). അതിന് ശേഷം ജാതിക്കെതിരെ ശക്തമായ സാഹിത്യ സൃഷ്ടികള്‍ രൂപം കൊളളുന്നത് പിന്നെയും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അത് മഹാകവി പണ്ഡിറ്റ് കെ.പി കറുപ്പനിലൂടെയാണ്. അദ്ദേഹത്തിന്റെ ജാതികുമ്മി കവിത (1905) ബാലകലേശം നാടകം (1913) എന്നിവയാണവ. പിന്നീടാണ് ആശാന്റെ ചണ്ഡാലഭിക്ഷുകിയും ദുര:വസ്ഥയും (1922) പ്രസിദ്ധീകരിക്കുന്നത്, എന്നു പറഞ്ഞാല്‍ പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതി വിജയം നോവലിനും മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം. ഒരു സാഹിത്യ സൃഷ്ടി എന്ന നിലയില്‍ സവര്‍ണ്ണരില്‍ നിന്നും ഏറ്റവും വിമര്‍ശനം നേരിടേണ്ടി വന്നത് കെ.പി കറുപ്പന്റെ കൃതികള്‍ക്കും അതിന് മുമ്പ് പോത്തേരി കുഞ്ഞമ്പുവിന്റെ നോവലിനുമാണ്. എന്നാല്‍ സവര്‍ണ്ണരായ ടി.കെ കൃഷ്ണമേനോന്, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് തുടങ്ങിയവര്‍ പണ്ഡിറ്റ് കറുപ്പനെ പ്രോത്സാഹിപ്പിച്ചപ്പോള്‍, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെപ്പോലുളളവര് കവിയെ തൂക്കി കൊല്ലണമെന്നുപോലും ദിവാനോട് ആവശ്യപ്പെടുകയുണ്ടായി.
ഇവിടെ പോത്തേരി കുഞ്ഞമ്പു എതിര്‍പ്പുകള്‍ നേരിട്ടത് സ്വസമുദായത്തിലെ യാഥാസ്ഥിതികരില്‍ നിന്നാണ് എന്നതാണ് വളരെ കൗതുകകരമായ കാര്യം. മലബാറില്‍ പുലയരനുഭവിക്കുന്ന ജാതീയ പീഡനങ്ങള്‍ അദ്ദേഹത്തിനെ പോലെ വേദനിപ്പിച്ച തിയ്യ സമുദായത്തില്‍പ്പെട്ടവര്‍ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു. വിദ്യാഭ്യാസംനിഷേധിച്ചിരുന്ന പുലയര്‍ ക്രിസ്തുമതം സ്വീകരിച്ച് വിദ്യനേടി ഉന്നത പദവിയിലെത്തി തിരിച്ചുവന്ന് തന്നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് ജനം ആരോപിച്ച കുറ്റവാളിയായ നമ്പൂതിരിയെ കോടതിയില്‍ വിസ്തരിച്ച് അദ്ദേഹത്തെ നിരുപാധികം വിട്ടയയ്ക്കുന്ന തലത്തിലേക്ക് ഒരു പുലയന്റെ മനസ്സിനെ എത്രയോ വിശാലമായിട്ടാണ് അദ്ദേഹം മരുത്തനെന്നെ സരസ്വതി വിജയത്തിലെ പുലയനായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മരുത്തന് വെറുമൊരു കഥാപാത്രമല്ല കേരളത്തില്‍ ഇന്നു ജീവിക്കുന്ന ഹൃദായാലുക്കളായ മനുഷ്യരാണ്. ചതിവും ചതി പ്രയോഗങ്ങളും വഞ്ചനയും തങ്ങളുടെ കൂടപ്പിറപ്പാക്കുന്ന സവര്‍ണ്ണര്‍ ഈ നാട്ടിലെ മിണ്ടാപ്രാണികളെ പോലെ ജീവിച്ച, ജീവിക്കുകയല്ല കൃമികീടങ്ങളെ പോലെ ദ്രവിച്ച് ജീവിച്ചുകൊണ്ടിരുന്ന ഒരു വര്‍ഗ്ഗത്തിന് എല്ലാ പ്രതിരോധങ്ങളെയും സൃഷ്ടിക്കാന്‍ 'സരസ്വതി വിജയ' ത്തില്‍ കൂടിയെ കഴിയൂയെന്ന് തൂലികയില്‍ കൂടി വരച്ചു കാട്ടിയ പോത്തേരി കുഞ്ഞമ്പുവിലെ വിപ്ലവകാരിയായ മനുഷ്യനെ കേരളീയ ജനത വേണ്ടത്ര വിധം അംഗീകരിക്കുന്നില്ലെങ്കില്‍ പഴയ ജാതി / ജന്മി നാടുവാഴി വ്യവസ്ഥയെ മറന്നിട്ടില്ല എന്നുവേണം കരുതുവാന്‍. 19 ാം നൂറ്റാണ്ടില്‍ കേരളം കടുത്ത ജാതി പിശാചിന്റെ കൈകളിലായിരുന്നു. അതിന്റെ അവസാന ഘട്ടങ്ങളിലാണ് ഇതിനെതിരെ നോവലെഴുത്തില്‍ കൂടി ഒരു തിയ്യ പ്രമാണി ചരിത്രത്തില്‍ തന്നെ ആദ്യമായി രംഗത്തു വരുന്നത്. ജാതി വ്യവസ്ഥ പാലിക്കുന്നതില്‍ സവര്‍ണ്ണരേക്കാള്‍ മുമ്പേ പായുന്നവര്‍ മലബാറില്‍ തയ്യിരായിരുന്നുവെന്നും കൂടിയുള്ള ചരിത്രം പഠിക്കുമ്പോഴെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയുള്ളൂ.
വൈക്കം സത്യാഗ്രഹം നടന്ന സന്ദര്‍ഭത്തില്‍ കോഴിക്കോട് തളിക്ഷേത്രത്തിന്റെ വഴിയില്‍ കൂടി നടന്നുവന്ന ഒരു തിയ്യനെ അതുവഴി വന്ന പുലയന് തൊട്ട് അശുദ്ധമാക്കിയെന്ന കാരണത്തിന് ആ സാധു പുലയനെ ഓടിച്ച് അവന്റെ മാടത്തില്‍ കയറ്റുകയും, മാടത്തില്‍ കയറി ഒളിച്ച പുലയനെ അവിടെയും പിന്തുടര്ന്നപ്പോള് ജീവനും കൊണ്ടോടിയ പുലയന് പുഴയില്‍ ചാടി മരിച്ച സംഭവം എം.പി.മന്മഥന് എഴുതിയ കേളപ്പജിയുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജാതിയത കൊടികുത്തി വാണിരുന്ന പ്രസ്തുത നൂററാണ്ടില്‍ നമ്പൂതിരി - പുലയ വിവാഹമെന്ന പ്രതീ വിവാഹം നോവലില്‍ പ്രമേയമാക്കിയത് അന്നത്തെ കാലഘട്ടത്തില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എത്രമാത്രമുണ്ടായിരിക്കുമെന്ന്ചിന്തിക്കേണ്ടതാണ്.
അതിന് നോവലിസ്റ്റ് തന്റെ ജീവന് പോലും ത്യജിക്കാന്‍ തയ്യാറായിരുന്നു വെന്നുമല്ലേ ചിന്തിക്കേണ്ടത്. ഇത്തരം വിവാഹങ്ങള്‍ കര്‍മ്മ പരിപാടിയായി പിന്നീട് നമ്മുടെ സാമൂഹ്യ മണ്ഡലത്തില്‍ പ്രായോഗിക വല്കരിച്ചത് ആ കാലഘട്ടത്തിന്റെ അവസാനങ്ങളില്‍ സാമൂഹ്യ രംഗത്തേക്ക് കടന്നുവന്ന സാമൂഹ്യ വിപ്ലവകാരി വാഗ്ഭടാനന്ദ സ്വാമികളും അദ്ദേഹത്തിന്റെ ആത്മവിദ്യാസംഘം എന്ന പ്രസ്ഥാനവുമാണ്. നാരായണ ഗുരുദേവനും എസ്.എന്‍.ഡി.പി യോഗവും മിശ്ര വിവാഹത്തെയും മിശ്രഭോജനത്തെയും പ്രോത്സാഹിപ്പിച്ചിരുന്നില്ല. യോഗത്തിന്റെ നേതാക്കളില്‍ സഹോദരന് അയ്യപ്പന് മാത്രമാണ് അല്‍പ്പമെങ്കിലും അതിനായി പ്രവര്‍ത്തിച്ചത്. അതിനുവേണ്ടി സഹോദരന് ആദ്യമായി ആവിഷ്കരിച്ച് നടപ്പാക്കിയത് മിശ്രഭോജനമായിരുന്നു. അതും 1917 ല്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോത്തേരി കുഞ്ഞമ്പു മിശ്രഭോജനത്തില്‍ പങ്കെടുത്തിരുന്നു. തിയ്യര്‍ക്കിടയില്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്ന കാലത്തായിരുന്നു അതും. 1913 ല്‍ ശ്രീരാമ കൃഷ്ണമിഷന്റെ ഹരിപ്പാടുള്ള ആശ്രമത്തില്‍ വച്ച് സവര്‍ണ്ണരും തീണ്ടല് ജാതിക്കാരും ബാംഗ്ളൂര്‍ മഠാധിപതി നിര്‍മ്മലാനന്ദയുടെ നേതൃത്വത്തില്‍ പന്തീഭോജനം നടത്തിയിരുന്നു. ഇതില്‍ പോത്തേരി കുഞ്ഞമ്പുവും പങ്കെടുത്തു. അതിന് മലബാറിലെ ദേശവാഴികളായ തിയ്യ പ്രമാണിമാര്‍ (തറയില്‍ കാരണവന്മാര്) സ്വസമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്പിച്ച് പുറത്താക്കുകയുണ്ടായി. തിയ്യര്‍ക്കിടയില്‍ നിലനിന്നിരുന്ന മണ്ണാത്തി മാറ്റെന്ന ദുരാചാരത്തിനെതിരെ ശക്തമായ ഭാഷയില്‍ കേരള സഞ്ചാരി എന്ന പത്രത്തില്‍ ലേഖനം എഴുതിയതിനും കുഞ്ഞമ്പുവിനെ സമുദായത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ചെറായിലെ വിജ്ഞാനവര്ദ്ധിനി സഭ സഹോദരന് അയ്യപ്പനോട് ചെയ്ത ക്രൂരതകള്‍ എല്ലാം തിയ്യ സമുദായ പ്രമാണിമാര്‍ പോത്തേരിയോടും ചെയ്തു. പുലച്ചോന്‍ പുലകൊട്ടി യെന്നൊക്കെ തിയ്യ പ്രമാണി വര്‍ഗ്ഗം അദ്ദേഹത്തേയും വിളിച്ചാക്ഷേപിച്ചു. 1929 ല്‍ ആത്മവിദ്യാസംഘം അഴീക്കോട് വച്ച് നടത്തിയ പന്തീ ഭോജനത്തില്‍ സഹോദരന് അയ്യപ്പന് പങ്കെടുത്തിരുന്നു. അവിടെ നടന്ന പന്തിഭോജനത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച തിയ്യനായ ഒരു വെളിച്ചപ്പാടിന്റെ മകനെക്കൊണ്ട്, ചെറുമന് വിളമ്പി കഴിച്ച പായസം ഛര്‍ദ്ദിപ്പിക്കുകയും മറ്റൊരു തിയ്യന്റെ വീട്ടില്‍ പുണ്യാഹം തളിക്കുകയും ചെയ്ത സംഭവം ചരിത്രകാരനായ എം.എസ്.നായര്ചൂണ്ടികാണിച്ചിട്ടുണ്ട്. ഇത്ര തീഷ്ണമായ ജാതി ചിന്ത നിലനില്‍ക്കുമ്പോഴും പുലയര്‍ക്ക് വേണ്ടി വാദിക്കുകയും അവര്‍ക്ക് വേണ്ടി നോവല്‍ എഴുതുകയും അവരോട് ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്ത വിപ്ലവകാരിയായ പോത്തേരി കുഞ്ഞമ്പു എത്രയോ വലിയ സാമൂഹികമായ യാതനകളാണ് അനുഭവിച്ചിരുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയുകയില്ല. മലബാറില്‍ തിയ്യര്, ബ്രിട്ടീഷുകാരോട് ഒത്തുചേര്‍ന്ന് നിന്നതുകൊണ്ട് മദ്രാസ് പ്രെസിഡന്‍സിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉദ്യോഗം പോലും വഹിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഉന്നതപദവികളും ധനവും സമ്പാദിച്ച തിയ്യ സമുദായത്തിലെ ഒരാളും പുലയരെപ്പോലുള്ള അടിമ വര്‍ഗ്ഗത്തെ കൈപിടിച്ച് ഉയര്‍ത്തി കൊണ്ടുവരുന്നതിന് തയ്യാറായില്ല. അതിനുവേണ്ടി പ്രവര്‍ത്തിച്ച ഒരേഒരാള്‍ പോത്തേരി കുഞ്ഞമ്പുമാത്രമാണ്. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട രാമന് ഇളയതിനെപ്പോലെ തന്റെ സ്വന്തം പുരയിടത്തില്‍ കുടിപ്പള്ളിക്കുടം കെട്ടി പുലയക്കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചത് ചരിത്രത്തില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ്, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമെല്ലാം തിട്ടപ്പെടുത്താന്‍ ആകാത്തവിധം ഉന്നതരംഗത്ത് പ്രശോഭിക്കാന്‍ കഴിഞ്ഞിട്ടുള്ള തിയ്യരായ ഒട്ടേറെപ്പേര്‍ ഉള്ളപ്പോള്‍ തന്നെയാണ് തിയ്യരില്പ്പെട്ട ഒരാളും ചെയ്യാത്തവിധം മാനുഷിക സേവനങ്ങള്‍ കുഞ്ഞമ്പു പുലയര്‍ക്കും മറ്റും ചെയ്തത്. വടക്കേ മലബാറില്‍ ജാതി വിവേചനത്തിനെതിരെ മാനുഷിക മൂല്യങ്ങള്‍ക്കും, മനുഷ്യാവകാശത്തിനും വേണ്ടി പോത്തേരി കുഞ്ഞമ്പുവിനെപ്പോലെ ഒരാള്‍ ഇടപെട്ടിരുന്നില്ലായെങ്കില് ക്രിസ്ത്യന്‍ മിഷനറിമാര്‍ അവിടെ ഉണ്ടായിരുന്ന മുഴുവന്‍ പുലയരേയും ക്രിസ്തു മതത്തില്‍ ചേര്‍ക്കുമായിരുന്നു. കോലത്തിരിക്കും, സാമൂതിരിക്കും ഹിന്ദുജനത അന്യം നിന്ന് പോകുന്നതിലല്ല മറിച്ച് തങ്ങളുടെ അധികാരം ഉപയോഗിച്ച് ജാതിമേധാവിത്വം എങ്ങനെ ഉറപ്പിക്കാമെന്നതായിരുന്നു ചിന്ത. കോലത്തിരിയുടെ മതഭ്രാന്തായിരുന്നുവല്ലോ കണ്ണൂരിലും സമീപപ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഹിന്ദുക്കളേയും ഹൈദരലിയും ടിപ്പുവും കൂടി ഇസ്ലാം മതത്തില്‍ ചേര്ക്കാനിടയാക്കിയത്. പിന്നെ, പുലയര്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്നതുകൊണ്ട് ആര്‍ക്കാണ് നഷ്ടം. ഇതിലെല്ലാം പ്രതിഷേധിച്ച് കൊണ്ടായിരിക്കണം ഈഴവര്‍ ഹിന്ദുക്കളല്ല അതുകൊണ്ട് ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് 'സ്വതന്ത്ര സമുദായം' ത്തില്‍കൂടി ഇ.മാധവന് പ്രഖ്യാപിച്ചത്. മാധവന് തിരുവിതാംകൂറില്‍ ഈ ആശയം ഉയര്‍ത്തുന്നതിന് മുമ്പ് 1904 ല്‍ തന്നെ കുഞ്ഞമ്പു മലബാറില്‍ തിയ്യര് എന്ന ഗ്രന്ഥം എഴുതികൊണ്ട് തിയ്യരെല്ലാം ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
സരസ്വതി വിജയം നോവലിന്റെ (നോവല്‍ കാര്‍ണിവല്‍ പതിപ്പ്) ആമുഖത്തില്‍ ദിലീപ്.എം.മേനോന് പറയുന്നതുപോലെ 'നിശിതമായ ജാതി വിമര്‍ശവും കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്കുന്ന വിമോചക സാദ്ധ്യതകളെക്കുറിച്ചുള്ള ആഹ്വാനവും ഉള്ളടങ്ങിയ ആ നോവല്‍ വളരെ വിപ്ലവകരമായ ഒന്നായിരുന്നു', അക്കാലത്തെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പുതിയ രൂപങ്ങള്‍ പുതിയ ഭാവങ്ങളില്‍ ഇന്നും ഹൈന്ദവ സമൂഹത്തെ പിന്തുടരുന്നുണ്ട്. ദളിതന്റെ സാമൂഹിക അവസ്ഥക്ക് പറയത്തക്ക മാറ്റങ്ങള്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഇല്ല. കുഞ്ഞമ്പു കഥയായി എഴുതിയത് ഇന്ന് കാര്യമായി നിലകൊള്ളുകയാണ്. പ്രാഥമിക വിദ്യാഭ്യാസം ദളിതര്‍ കൈവരിക്കാന്‍ തയ്യാറായപ്പോള്‍ ആധുനിക വിദ്യാഭ്യാസം അവര്‍ക്ക് അപ്രാപ്യമായി.
പോത്തേരി കുഞ്ഞമ്പുവിനെ പുലയന് കുഞ്ഞമ്പുവായി കാണാനാണ് കേരളത്തിലെ ദളിതര്‍ ആഗ്രഹിക്കുന്നത്. കണ്ണൂര്‍ നഗരസഭയുടെ ആദ്യത്തെ ചെയര്‍മാനും പോത്തേരി കുഞ്ഞമ്പുവാണ്. 1857 ജൂണില്‍ ജനിച്ച അദ്ദേഹം 1919 ഡിസംബര്‍ 24 ന് അന്തരിച്ചു. ഇതെല്ലാം ലേഖനത്തില്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അക്കാദമിക് തലത്തില്‍ സരസ്വതി വിജയം നോവലിനെ അവഗണിച്ചുവെങ്കിലും കേരളത്തിലെ ദളിത് ചരിത്ര അന്വേഷകര്‍ക്ക് അദ്ദേഹത്തിന്റെ ചരിത്രം ആവശ്യമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ നേടേണ്ടതാണ്.